കോഴിക്കോട്: ലഹരിക്കടത്ത് സംഘവുമായി ബന്ധമുള്ള ഒരു അധ്യാപികയെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. വടകരയിൽ പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ പരിശോധനയ്ക്കിടെയാണ് പേരാമ്പ്ര ബിആർസിയിലെ അധ്യാപികയും കൂരാച്ചുണ്ട് ചെറുകാട് സ്വദേശിനിയുമായ കാവ്യ അറസ്റ്റിലായത്.
കഴിഞ്ഞ 11-ാം തീയതി കീർത്തന എന്ന അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരും ലഹരി വിൽപനക്കാരും തമ്മിലുള്ള ബന്ധം അന്വേഷിച്ചപ്പോഴാണ് കാവ്യയും ഈ സംഘത്തിലെ സജീവ കണ്ണിയാണെന്ന് വ്യക്തമായത്. എംഡിഎംഎ ആവശ്യമുള്ളവരിൽ നിന്ന് കാവ്യയുടെ അക്കൗണ്ടിലേക്കാണ് പണം വാങ്ങിയിരുന്നത്.
ആവശ്യക്കാരുമായി നേരിട്ട് ബന്ധപ്പെടാതെ പണം ലഭിച്ചാലുടൻ ലഹരിമരുന്ന് ലഭിക്കുന്ന ലൊക്കേൻ മൊബൈൽ വഴി അയച്ചുനൽകുകയാണ് ഇവർ ചെയ്തിരുന്നത്. മൊത്ത വിൽപനക്കാരുമായി കാവ്യയ്ക്ക് ശക്തമായ ബന്ധമുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് കൂടുതൽ സ്ത്രീകൾ പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
അതേസമയം കേസിൽ ആദ്യം അറസ്റ്റിലായ അധ്യാപിക കീർത്തനയെ സർവശിക്ഷാ കേരള സംസ്ഥാന പ്രോജക്ട് ഡയറക്ടർ സർസ്പെൻഡ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.